top of page
ദൂത് പതിമൂന്ന്—മരിച്ചുകൊണ്ടിരിക്കുന്നവരുടെ ആവശ്യം—ജീവന്റെ സൗഖ്യം

തിരുവെഴുത്ത് വായന: യോഹന്നാൻ 4:43-54

C.   ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57

3.   മരിച്ചുകൊണ്ടിരിക്കുന്നവന്റെ ആവശ്യം—ജീവന്റെ സൗഖ്യം—4:43-54

a.       ബലഹീനരും ദുർബലരുമായ ജനമുള്ള സ്ഥലം സന്ദർശിക്കുവാൻ ക്രിസ്തു വീണ്ടും വരുന്നു—വാ. 43-46a

b.      ബലഹീനരും ദുർബലരുമായ ജനം മരിക്കുന്നു—വാ. 46b-49

c.       ജീവൻ-നൽകുന്ന വചനത്താലും വിശ്വസിക്കുന്നതിലൂടെയും സൗഖ്യമാകുന്നു—വാ. 50-54

4:43   ആ രണ്ട് നാളുകൾക്കു ശേഷം അവൻ അവിടെ നിന്ന് ഗലീലയിലേയ്ക്കു പുറപ്പെട്ടുപോയി,

4:44   ഒരു പ്രവാചകനു തന്റെ സ്വന്തം നാട്ടിൽ ബഹുമാനം ഇല്ല എന്നു യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

4:45 പിന്നെ അവൻ ഗലീലയിലേക്കു വന്നപ്പോൾ, ഗലീലക്കാരും യെരൂശലേമിൽ വിരുന്നിന് പോയിരുന്നതിനാൽ, വിരുന്നിൽവച്ച് അവൻ ചെയ്ത സകലവും കണ്ടിട്ട്, അവനെ കൈക്കൊണ്ടു.      

4:46   പിന്നെ അവൻ വെള്ളത്തെ വീഞ്ഞാക്കിയ ഇടമായ, ഗലീലയിലെ കാനാവിൽ വീണ്ടും വന്നു. രാജാവിന്റെ ഒരു ഉദ്യോഗസ്ഥൻ അവിടെ ഉണ്ടായിരുന്നു, അവന്റെ മകൻ കഫർന്നഹൂമിൽ രോഗിയായിരുന്നു.

4:47   യേശു യെഹൂദ്യയിൽനിന്ന് ഗലീലയിലേക്ക് വന്നിരിക്കുന്നു എന്ന് അവൻ കേട്ടപ്പോൾ, അവന്റെ അടുക്കൽ പോയി, തന്റെ മകൻ മരിക്കാറായിരുന്നതു കൊണ്ട് വന്ന് സൗഖ്യമാക്കേണ്ടതിന് അവനോട് അപേക്ഷിച്ചു.

4:48   അതിനാൽ യേശു അവനോട്, അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ വിശ്വസിക്കുകയില്ല എന്നു പറഞ്ഞു.

4:49   രാജാവിന്റെ ഉദ്യോഗസ്ഥൻ അവനോട്, യജമാനനേ, എന്റെ കുഞ്ഞ് മരിക്കും മുമ്പേ ഇറങ്ങിവരണമേ, എന്നു പറഞ്ഞു.

4:50   യേശു അവനോട്, പോകുക, നിന്റെ മകൻ ജീവിക്കുന്നു, എന്നു പറഞ്ഞു. യേശു തന്നോട് പറഞ്ഞ വചനം വിശ്വസിച്ച് ആ മനുഷ്യൻ തന്റെ വഴിക്കു പോയി.

4:51    അവൻ ഇറങ്ങിപ്പോകുമ്പോൾ, അവന്റെ അടിമകൾ അവനെ കണ്ടുമുട്ടി, പൈതൽ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.

4:52   പൈതൽ ഭേദമായ നാഴിക അവൻ അവരോട് ആരാഞ്ഞു. ഇന്നലെ ഏഴാം നാഴികയിൽ പനി അവനെ വിട്ടുമാറി, എന്ന് അവർ പറഞ്ഞു.

4:53   അപ്പോൾ ആ പിതാവ്, നിന്റെ മകൻ ജീവിക്കുന്നു എന്നു യേശു തന്നോട് പറഞ്ഞ ആ നാഴികയിലായിരുന്നു അത് എന്നറിഞ്ഞു; അവനോ വിശ്വസിച്ചു, അവനും അവന്റെ ഭവനം മുഴുവനും തന്നെ.

4:54   പിന്നെയും, യെഹൂദ്യയിൽനിന്ന് ഗലീലയിലേക്ക് വന്നപ്പോൾ യേശു ഈ രണ്ടാമത്തെ അടയാളം ചെയ്തു.

                  

പഠന രൂപരേഖ:

തിങ്കൾ:

I.          യേശു ബലഹീനരുടെയും ലോലമനസ്കരുടെയും സ്ഥലത്തേക്ക് മടങ്ങിവരുന്നു— യോഹ. 4:43-46, 7:41, 52

A.      കർത്താവ് തന്റെ അടയാളങ്ങളുടെ ആരംഭമായി മരണജലത്തെ ജീവനുള്ള വീഞ്ഞാക്കി മാറ്റിയ ഗലീലയിലെ കാനാവിലേക്ക് മടങ്ങിവന്നു.

B.      കാനാവ് ബലഹീനരും ലോലമനസ്കരുമായ ജനം പാർക്കുന്ന ലോകത്തിന്റെ അധമവും നിന്ദ്യവുമായ അവസ്ഥയെ സൂചിപ്പിക്കുന്നു

II.         ബലഹീനരും ലോലമനസ്‌കരും മരിച്ചുകൊണ്ടിരിക്കുന്നു—റോമ. 8:2,6,10,11

A.   ഒമ്പത് ദൃഷ്ടാന്തങ്ങളിൽ മൂന്നാമത്തേതായ ഈ സംഭവം, മരിച്ചു കൊണ്ടിരിക്കുന്നവർക്ക് സൗഖ്യം ആവശ്യമാണെന്ന് വെളിപ്പെടുത്തുന്നു.

B.   മാനവരാശിക്ക് ഒന്നാമത് വേണ്ടത് വീണ്ടുംജനനവും രണ്ടാമത് സംതൃപ്തിയും മൂന്നാമത് രോഗസൗഖ്യവും ആണ്.

C.   നമുക്കെല്ലാവർക്കും ഒരളവുവരെ സൗഖ്യം ആവശ്യമാണ്. ഒരർത്ഥത്തിൽ, നാം ജീവിക്കുന്നു; മറ്റൊരർത്ഥത്തിൽ, നാമെല്ലാവരും മരിച്ചുകൊണ്ടിരിക്കുന്നു.

ചൊവ്വ:

D.   നാം വീണ്ടുംജനിച്ചിരിക്കുന്നു; ദിനംതോറും, നാം നമ്മുടെ സംതൃപ്തിക്കായി ജീവിക്കുന്ന ആത്മാവായ കർത്താവുമായി ബന്ധപ്പെടുന്നുണ്ടാകാം. ഇതിനു പുറമേ, നമുക്ക് സൗഖ്യം ആവശ്യമാണ്.

E.    നിങ്ങൾക്ക് കർത്താവായ യേശുവിൻ്റെ സൗഖ്യദാനം ഉണ്ടെങ്കിൽ നിങ്ങളുടെ മരണാവസ്ഥ ജീവാവസ്ഥയായി മാറും

F.    കർത്താവ് വന്നുകൊണ്ടിരിക്കുന്നു! അവൻ വന്നുകൊണ്ടിരിക്കുമ്പോൾ അവൻ സൗഖ്യമാക്കികൊണ്ടിരിക്കുന്നു. അവൻ തൻ്റെവഴിമധ്യേ ആയിരിക്കുമ്പോൾ, നമ്മുടെ ആത്മാവിനെയും ദേഹിയെയും ദേഹത്തെയും അവൻ സൗഖ്യമാക്കിക്കൊണ്ടിരിക്കുന്നു.

G.   നമ്മുടെ ആളത്തത്തെ അവൻ്റെ ഭവനം ആക്കുവാൻ ഉള്ളിൽ വസിക്കുന്ന ആത്മാവിനെ നാം അനുവദിക്കുന്നുവെങ്കിൽ, ഉള്ളിൽ വസിക്കുന്ന ഈ ആത്മാവ്, മരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ മർത്യശരീരത്തെ പുനരുത്ഥാനജീവനാൽ സാന്ദ്രീകരിക്കും.

ബുധൻ:

H.   നമ്മുടെ മർത്യശരീരത്തെ പുനരുത്ഥാനജീവൻ ചൈതന്യവത്കരിക്കുകയും ജീവിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യും എന്ന് റോമർ 8:11-ൽ നാം കാണുന്നു

I.    നമ്മുടെ ആത്മാവിനും ദേഹിക്കും ദേഹത്തിനുമെല്ലാം ദിവ്യജീവൻ ലഭിക്കുമെന്ന് റോമർ 8 വെളിപ്പെടുത്തുന്നു. റോമർ 8:10-ൽ നമ്മുടെ ആത്മാവിനും, 8:6-ൽ നമ്മുടെ ദേഹിക്കും, 8:11-ൽ നമ്മുടെ ശരീരത്തിനും ദിവ്യജീവൻ ലഭിക്കുന്നു എന്ന് പറയുന്നു,

J.    ഈ  ജീവൻ മരണത്തെ വിഴുങ്ങുന്നു- ഇതാണ് രോഗസൗഖ്യം.

K.   നമുക്കെല്ലാവർക്കും സൗഖ്യം ആവശ്യമാണ്. ഈ സൗഖ്യമാണ് രൂപാന്തരം. നമ്മുടെ മനസ്സിലും വികാരത്തിലും ഇച്ഛാശക്തിയിലും നാം സൗഖ്യപ്പെടുന്തോറും നാം രൂപാന്തരപ്പെടുന്നു.

വ്യാഴം:

III.        വിശ്വസിക്കുന്നതിലൂടെ ജീവൻ നൽകുന്ന വചനത്താലുള്ള സൗഖ്യം—യോഹ. 4:47-53

A.    രാജഭ്യത്യൻ കർത്താവിന്റെ വായിൽനിന്ന് വന്ന വാക്ക് വിശ്വസിച്ചു. മരിച്ചുകൊണ്ടിരുന്ന ബാലൻ സൗഖ്യം പ്രാപിച്ചു.

B.    നാം ജീവൻ നൽകുന്ന വചനത്തെ, നിർജീവമായ അക്ഷരങ്ങളിലുള്ള വചനത്തെയല്ല, ആത്മാവാകുന്ന വചനത്തെ സ്നേഹിക്കണം

C.    ഇന്നും കർത്താവ് സൗഖ്യമാക്കുന്ന തൻ്റെ വചനം അയയ്ക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ജനം വിശ്വസിച്ചുകൊണ്ട്, ഈ വചനം സ്വീകരിക്കുമ്പോൾ, അവർ ജീവനാൽ സുഖം പ്രാപിക്കുന്നു.

D.    മരിച്ചുകൊണ്ടിരിക്കുന്ന ജനം വിശ്വസിക്കുന്നതിലൂടെ വചനം സ്വീകരിക്കുകയും, ജീവനാൽ സുഖം പ്രാപിക്കുകയും ചെയ്യുമ്പോൾ, തത്ത്വത്തിൽ മരണം ജീവനായി മാറുന്നു. ജീവൻ മരണത്തിന്റെ മാരക ശക്തിയെ ജയിക്കുന്നു.

E.     കർത്താവിൻ്റെ ജീവൻ്റെ വചനം നമ്മുടെ മരണത്തെ നീക്കുന്നു. നമുക്ക് വേണ്ടത്, ജീവൻ നൽകുകയും സൗഖ്യമാക്കുകയും ചെയ്യുന്ന അവന്റെ വചനം സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക മാത്രമാണ്.

F.     നമുക്ക് കർത്താവിന്റെ വചനം ഉള്ളപ്പോൾ, നാം രക്ഷിക്കപ്പെടുകയും കർത്താവിനാൽ നിറയപ്പെടുകയും ചെയ്യും. നമ്മെ സൗഖ്യമാക്കുവാനും രക്ഷിക്കുവാനും അവൻ്റെ വചനം മാത്രം മതി.

വെള്ളി:

ചോദ്യങ്ങൾ:

1.    യോഹന്നാനിലെ ഒമ്പത് അടയാളങ്ങളിൽ ആദ്യത്തെ 3 എണ്ണം ഏതെല്ലാം? അവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു?

2.    ബലഹീനരും ലോലമനസ്‌കരും മരിച്ചുകൊണ്ടിരിക്കുന്നവർക്കും എന്താണ് ആവശ്യം?

3.    നമ്മുടെ മർത്യശരീരത്തെ പുനരുത്ഥാനജീവൻ ചൈതന്യവത്കരിക്കുകയും ജീവിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുവാൻ നാം എന്ത് ചെയ്യണം?

4.    രോഗസൗഖ്യം റോമർ 8 യിൽ വെളിപ്പെടുത്തിരിക്കുന്നതിനെ ആസ്പദമാക്കി വിവരിക്കുക?

5.    വിശ്വസിക്കുന്നതിലൂടെ ജീവൻ നൽകുന്ന വചനത്താലുള്ള സൗഖ്യം എന്താണെന്ന് വിവരിക്കുക?

bottom of page