top of page
ദൂത് ഇരുപത്തിയൊമ്പത്—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (1)

തിരുവെഴുത്ത് വായന: യോഹന്നാൻ 14:1-6

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

A.    ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33

1.    ത്രിയേക ദൈവത്തിന്റെ പകർച്ച—അവന്റെ വാസസ്ഥലം ഉളവാക്കുന്നതിനായി—14:1-31

a.     വിശ്വാസികളെ പിതാവിലേക്കു കൊണ്ടുവരുവാൻ യേശു മരണത്തിലൂടെ പോകുകയും ക്രിസ്തു പുനരുത്ഥാനത്തിൽ വരുകയും ചെയ്യുന്നു—വാ. 1-6

 

14:1   നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകുവാൻ ഇടവരരുത്; ദൈവത്തിലേക്കു വിശ്വസിക്കുവിൻ, എന്നിലേക്കും വിശ്വസിക്കുവിൻ.

14:2    എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു; എന്തെന്നാൽ ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു.

14:3   ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ആയിരിക്കുന്ന ഇടത്ത് നിങ്ങളും ആയിരിക്കേണ്ടതിന്, ഞാൻ വീണ്ടും വന്ന് നിങ്ങളെ എന്നോടുതന്നെ ചേർത്തുകൊള്ളും.

14:4    ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.

14:5    തോമാസ് അവനോട്, കർത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങൾ അറിയുന്നില്ല; പിന്നെ എങ്ങനെ വഴി അറിയുവാൻ കഴിയും? എന്നു ചോദിച്ചു.

14:6    യേശു അവനോട്, വഴിയും യാഥാർഥ്യവും ജീവനും ഞാൻ ആകുന്നു; എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല.

 

തിങ്കൾ:

ആമുഖം:

·         യോഹന്നാന്റെ സുവിശേഷം രണ്ട്‌ പ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഒന്നാമത്തേത്‌, നമ്മുടെ ജീവനായിരിക്കുവാന്‍ കര്‍ത്താവ്‌ വരുന്നു; രണ്ടാമത്തേത്‌, കര്‍ത്താവ്‌ നമ്മെ ഒരുമയിൽ തന്നോടും ദൈവത്തോടും ചേര്‍ത്ത്‌ കെട്ടുപണി ചെയ്യുന്നു. അതാണ് ജീവനും കെട്ടുപണിയും.

·         ഈ സുവിശേഷത്തെ രണ്ടു പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗം (1-13 അദ്ധ്യായങ്ങൾ), കര്‍ത്താവിന്റെ വരവ്‌ ജഡാവതാരത്തിലൂടെ ദൈവത്തെ നമ്മിലേക്ക്‌ കൊണ്ടുവരുന്നു, രണ്ടാം ഭാഗം (14-21 അദ്ധ്യായങ്ങൾ), കര്‍ത്താവിന്റെ പോക്ക്‌ തന്റെ മരണപുനരുത്ഥാനങ്ങളിലൂടെ നമ്മെ ദൈവത്തിലേക്ക്‌ കൊണ്ടുവരുന്നു.

·         പതിനാല് മുതൽ ഇരുപത്തിയൊന്നു വരെയുള്ള അദ്ധ്യായങ്ങള്‍ മനുഷ്യനെ ദൈവത്തിലേക്ക്‌ കൊണ്ടുവരുവാനായി മാര്‍ഗ്ഗമൊരുക്കുവാന്‍ യേശു ക്രൂശിക്കപ്പെടുകയും ക്രിസ്തു പുനരുത്ഥാനം ചെയ്യുകയും ചെയ്തു എന്നും, ദൈവത്തിന്റെ നിവാസം കെട്ടുപണി ചെയ്യുവാന്‍ വിശ്വാസികളുടെ ജീവനായി അവരില്‍ വസിക്കുകയും ജീവിക്കുകയും ചെയ്യുവാന്‍ ആത്മാവായി വരുകയും ചെയ്തു എന്നു നമ്മെ കാണിക്കുന്നു

·         പതിനാലാം അദ്ധ്യായത്തിൽ വളരെ പ്രധാനമായ ഒരു വസ്തുത ഉണ്ട്‌: തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേകദൈവത്തിന്റെ പകര്‍ച്ച. ഇവിടെ നാം രണ്ടു കാര്യങ്ങള്‍ കാണുന്നു: ത്രിയേകദൈവത്തിന്റെ പകര്‍ച്ചയും അവന്റെ വാസസ്ഥലത്തിന്റെ നിര്‍മ്മിതിയും.

 

ചൊവ്വ:

പഠന രൂപരേഖ:

I.          വിശ്വാസികളെ പിതാവിലേക്ക് കൊണ്ടുവരുന്നതിന് യേശു മരണത്തിലൂടെ കടന്നുപോവുകയും ക്രിസ്തു പുനരുത്ഥാനത്തിൽ വരുകയും ചെയ്യുന്നു—14:1-6

1.    ക്രിസ്തു പോവുകയും യേശു വരുകയും അല്ല, പിന്നെയോ യേശു പോവുകയും ക്രിസ്തു വരുകയും ആണ്

2.    വിശ്വാസികളെ പിതാവിലേക്ക്‌ കൊണ്ടുവരുവാന്‍ യേശു മരണത്തിലൂടെ പോകുകയും, ക്രിസ്തു പുനരുത്ഥാനത്തില്‍ വരികയും ചെയ്തു.

3.    മിക്ക ക്രിസ്ത്യാനികളും കരുതുന്നത് കർത്താവ് പോകുന്നതിന്റെ ലക്ഷ്യം സ്വര്‍ഗ്ഗമായിരുന്നു എന്നാണ്‌.

4.    എന്നാല്‍, കര്‍ത്താവ്‌ പോകുന്നതിന്റെ ലക്ഷ്യം സ്വര്‍ഗ്ഗമായിരുന്നില്ല

5.    അത്‌ ഒരു സ്ഥലത്തിന്റെ കാര്യമല്ല; അത്‌ ഒരു ജീവനുള്ള വ്യക്തിയുടെ, പിതാവിന്റെതന്നെ, കാര്യമാണ്‌. കര്‍ത്താവ്‌ പിതാവിന്റെ അടുക്കലേക്ക്‌ പോവുകയായിരുന്നു. അവന്റെ ഉദ്ദേശ്യവും തന്റെ ശിഷ്യന്മാരെ പിതാവ്‌ എന്ന ദിവ്യവ്യക്തിയിലേക്ക്‌ കൊണ്ടുവരുക എന്നത്‌ ആയിരുന്നു.

6.    ദൈവത്തെ മനുഷ്യനിലേക്ക്‌ കൊണ്ടുവരുവാന്‍ കര്‍ത്താവ്‌ പിതാവിന്റെ അടുക്കല്‍നിന്ന്‌ ജഡാവതാരത്താല്‍ വന്നു. മനുഷ്യനെ ദൈവത്തിലേക്ക്‌ കൊണ്ടുവരുവാന്‍ കര്‍ത്താവ്‌ പിതാവിന്റെ അടുക്കലേക്ക്‌ പോകുന്നു.

ബുധൻ:

A.   പുത്രൻ ദൈവത്തെപ്പോലെത്തന്നെ സ്ഥലകാല പരിമിതികളില്ലാത്ത സർവ്വവ്യാപി ആണ്

1.    14:1ൽ "ദൈവത്തിലേക്കു വിശ്വസിക്കുവിൻ, എന്നിലേക്കും വിശ്വസിക്കുവിൻ." എന്ന് കർത്താവ് ശിഷ്യന്മാരോട് പറഞ്ഞു.

2.    താന്‍ ദൈവത്തെപ്പോലെതന്നെ ആയിരുന്നു എന്ന്‌ കര്‍ത്താവ്‌ തന്റെ ശിഷ്യന്മാരോട്‌ സൂചിപ്പിച്ചു.

3.    ദൈവം സര്‍വ്വവ്യാപിയായിരിക്കുന്നതുപോലെതന്നെ അവനും സര്‍വ്വവ്യാപിയായിരുന്നു. ദൈവത്തിന്‌ സമയത്തിന്റെയും സ്ഥലത്തിന്റെയും മൂലകം ഇല്ലാത്തതുപോലെ അവനും ഈ മൂലകങ്ങള്‍ ഇല്ലാത്തവനായിരുന്നു.

4.    അവന്‍ പോകുന്നത്‌ വാസ്തവത്തില്‍ അവന്റെ വരവായിരുന്നതുകൊണ്ട്‌ അവന്‍ പോകുന്നതില്‍ അവരുടെ ഹൃദയം കലങ്ങേണ്ട ആവശ്യമില്ലായിരുന്നു.

5.    ഒന്നാം വാക്യത്തിലെ രണ്ടാമത്തെ പ്രധാനകാര്യം, ദൈവത്തിലേക്കു വിശ്വസിക്കുക എന്നാണ് കർത്താവ് പറഞ്ഞത്.

6.    "ലേക്ക്" എന്ന ഉപസര്‍ഗ്ഗം വളരെ പ്രധാനമാണ്‌.

7.    ദൈവത്തെ വിശ്വസിക്കുന്നത്‌ ദൈവത്തിലേക്ക്‌ വിശ്വസിക്കുന്നതില്‍നിന്ന്‌ വൃത്യസ്തമാണ്

8.    ഇത്‌ വസ്തുനിഷ്ഠമായ വിശ്വസിക്കലല്ല;  ഇത്‌ വ്യക്തിനിഷ്ഠമായ വിശ്വസിക്കലാണ്‌. ദൈവത്തില്‍ ആയിരിക്കുവാന്‍ ശിഷ്യന്മാരെ സഹായിക്കുന്നതിന്‌ അഥവാ പ്രബോധിപ്പിക്കുന്നതിന്‌ കര്‍ത്താവ്‌ ആഗ്രഹിക്കുന്നു എന്നതാണ്‌ ഈ അദ്ധ്യായത്തിന്റെ അടിസ്ഥാനചിന്ത.

വ്യാഴം:

B.   "എന്റെ പിതാവിന്റെ ഭവനം" ക്രിസ്തുവിന്റെ ശരീരം, ദൈവാലയമായ സഭ

1.    സ്വാഭാവിക ധാരണയനുസരിച്ച്‌, വാക്യം 2-ൽ  പരാമര്‍ശിച്ചിരിക്കുന്ന ദൈവത്തിന്റെ ഭവനം, പിതാവായ ദൈവം വസിക്കുന്ന മൂന്നാം സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു എന്ന്‌ മിക്ക ക്രിസ്ത്യാനികളും കരുതുന്നു.

2.    എന്നാല്‍ "എന്റെ പിതാവിന്റെ ഭവനം" എന്ന പ്രയോഗം യോഹന്നാന്റെ സുവിശേഷത്തിൽ രണ്ടു തവണ ഉപയോഗിച്ചിട്ടുണ്ട്‌.

3.    2:15-ലാണ്‌ ഇത്‌ ആദ്യമായി ഉപയോഗിച്ചിട്ടുള്ളത്‌. അവിടെ ഇത്‌ ഭൂമിയിലെ ദൈവത്തിന്റെ വാസസ്ഥലമായ മന്ദിരത്തെ വ്യക്തമായി സൂചിപ്പിക്കുന്നു. മന്ദിരം യേശുവിന്റെ ശരീരത്തിന്‌ ഒരു മുന്‍കുറി, ഒരു പ്രതിരൂപം, ആണ്‌ എന്ന് 2:21-ൽ തുടർന്ന് കാണുന്നു.

4.    ക്രിസ്തുവിന്റെ ശരീരം, അതായത്‌, സഭ ആണ്‌ പിതാവിന്റെ ഭവനം. സ്വര്‍ഗ്ഗമാണ്‌ എന്നു പറയുന്നത് തെറ്റായ പഠിപ്ലിക്കലാണ്

5.    ലേഖനങ്ങളില്‍ ക്രിസ്തുവിന്റെ ശരീരം സഭയാണെന്നും, സഭ ദൈവത്തിന്റെ ഭവനമാണെന്നും ഉള്ള വെളിപാട്‌  പൂര്‍ണ്ണമായി വികാസം പ്രാപിച്ചിരിക്കുന്നു.

6.    ദൈവത്തിന്‌ ഈ പ്രപഞ്ചത്തിൽ ഒരു കെട്ടുപണി മാത്രമേ ഉള്ളൂ. അവന്‌ രണ്ടെണ്ണം ഉണ്ടെന്ന്‌ പറയുന്നത്‌ യുക്തിക്കു ചേര്‍ന്നതല്ല.

7.    മനുഷ്യന്‍ തന്റെ നിവാസം ആയിരിക്കുന്നത്രെയും ദൈവം സ്വര്‍ഗ്ഗത്തെ സ്നേഹിക്കുന്നില്ല. ദൈവം മനുഷ്യനില്‍ വസിക്കുവാന്‍ ആഗ്രഹിക്കുന്നു.

8.    അനേക ക്രിസ്ത്യാനികൾ സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുവാന്‍ താല്പര്യപ്പെടുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍നിന്ന്‌ താഴേക്ക്‌ വരുവാനും ഭൂമിയില്‍ മനുഷ്യനോടൊത്ത്‌ വസിക്കുവാനും ദൈവം ആഗ്രഹിക്കുന്നു

9.    പഴയനിയമ കാലത്ത്‌ ദൈവത്തിന്റെ കെട്ടുപണി യിസ്രായേൽ മക്കളോടൊപ്പം ആയിരുന്നു; കൂടാരവും മന്ദിരവും അതിന്‌ മുന്‍കുറികള്‍ ആയിരുന്നു. കൂടാരവും ആലയവും, ഭൂമിയില്‍ അവന്റെ വാസസ്ഥലം ദൈവജനം ആണ്‌ എന്നതിന്റെ പ്രതീകങ്ങള്‍ ആയിരുന്നു.

10. പുതിയനിയമ കാലത്ത്‌ സഭ കെട്ടുപണി ചെയ്യപ്പെട്ടു. ആത്മിക അര്‍ത്ഥത്തില്‍ സഭ കൂടാരത്തിന്റെയും മന്ദിരത്തിന്റെയും തുടര്‍ച്ചയാണ്‌. ദൈവത്തിന്റെ ആലയമായി, പഴയനിയമത്തില്‍ കൂടാരവും മന്ദിരവും, പുതിയനിയമത്തില്‍ സഭയും നമുക്കുണ്ട്‌.

11. ഇന്ന്‌, നാം ആണ്‌ ദൈവത്തിന്റെ മന്ദിരം. ഒടുവില്‍, പഴയനിയമ വിശുദ്ധന്മാരും പുതിയനിയമ വിശുദ്ധന്മാരും ചേര്‍ന്ന കെട്ടുപണി നിത്യകൂടാരമാകുന്ന, നിത്യതയിലേക്കുള്ള മനുഷ്യരുടെ ഇടയിലെ ദൈവത്തിന്റെ വാസസ്ഥലമായ പുതിയ യെരുശലേമായി അന്തിമമായി പരിണതി പ്രാപിക്കും.

 

 

വെള്ളി:

ചോദ്യങ്ങൾ:

1.    യോഹന്നാന്റെ സുവിശേഷം വെളിപ്പെടുത്തിയിരിക്കുന്ന രണ്ട്‌ പ്രധാന കാര്യങ്ങളേയും, ഈ സുവിശേഷത്തിന്റെ രണ്ട് പ്രധാന ഭാഗങ്ങളേയും കുറിച്ച് വിവരിക്കുക

2.    പതിനാലാം അദ്ധ്യായത്തിലെ വളരെ പ്രധാനമായ വസ്തുത എന്താണ്?

3.    കര്‍ത്താവിന്റെ പോക്കും വരവും എന്താണ് അർത്ഥമാക്കുന്നത് എന്ന് വിശദമാക്കുക

4.    "എന്റെ പിതാവിന്റെ ഭവനം" എന്നത് സ്വർഗ്ഗമല്ല മറിച്ച് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയാണ് എന്ന് പറയുവാനുള്ള കാരണം വിശദമാക്കുക.

bottom of page