top of page
ദൂത് നാല്—ജീവനും കെട്ടുപണിക്കും ഉള്ള ഒരു അവതാരിക (3)

തിരുവെഴുത്ത് വായന: യോഹന്നാൻ 1:19-51

I.          ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരുവാനായി ജഡാവതാരം ചെയ്ത നിത്യവചനം വരുന്നു—1:1—13:38

A.   ജീവനും കെട്ടുപണിക്കുമുള്ള അവതാരിക—1:1-51

3.   ദൈവത്തിന്റെ കുഞ്ഞാടായ യേശു, പ്രാവായ പരിശുദ്ധാത്മാവോടുകൂടെ, ദൈവഭവനത്തിന്റെ കെട്ടുപണിക്കായി മനുഷ്യപുത്രനോടൊപ്പം വിശ്വാസികളെ കല്ലുകളാക്കുന്നു—വാ. 19-51

a.    മതം വലിയൊരു നേതാവിനെ പ്രതീക്ഷിക്കുന്നു—വാ. 19-28

b.   പ്രാവോടുകൂടെ കുഞ്ഞാടായ യേശുവിനെ പരിചയപ്പെടുത്തുന്നു—വാ. 29-34

c.    ദൈവത്തിന്റെ കെട്ടുപണിക്കായി കല്ലുകളെ ഉളവാക്കുന്നു—വാ. 35-51

 

1:19    ഇതാകുന്നു യോഹന്നാന്റെ സാക്ഷ്യം, നീ ആരാകുന്നു? എന്ന് അവനോട് ചോദിക്കുവാൻ യെഹൂദന്മാർ യെരൂശലേമിൽ നിന്ന് പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ,

1:20    അവൻ ഏറ്റുപറഞ്ഞു, നിഷേധിച്ചില്ല, ഞാൻ ക്രിസ്തു അല്ല, എന്ന് അവൻ ഏറ്റുപറഞ്ഞു.

1:21    അവർ അവനോട്, പിന്നെ എന്ത്? നീ ഏലീയാവ് ആകുന്നുവോ? എന്നു ചോദിച്ചു. ഞാനല്ല, എന്ന് അവൻ പറഞ്ഞു. നീ ആ പ്രവാചകൻ ആകുന്നുവോ? അല്ല എന്ന് അവൻ ഉത്തരം പറഞ്ഞു.

1:22    അപ്പോൾ അവർ അവനോട്, ഞങ്ങളെ അയച്ചവർക്ക് ഞങ്ങൾ ഉത്തരം നൽകേണ്ടതിന്, നീ ആരാകുന്നു? നിന്നെക്കുറിച്ച് നീ എന്തു പറയുന്നു? എന്നു ചോദിച്ചു.

1:23    യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ, “കർത്താവിന്റെ വഴി നേരെയാക്കുവിൻ, എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം” ആകുന്നു ഞാൻ എന്ന് അവൻ പറഞ്ഞു.

1:24    അയയ്ക്കപ്പെട്ടിരുന്നവരോ പരീശന്മാരിൽ നിന്നുള്ളവരായിരുന്നു.

1:25    അവരോ, നീ ക്രിസ്തുവല്ല, ഏലീയാവുമല്ല, ആ പ്രവാചകനുമല്ല എങ്കിൽ, പിന്നെ നീ എന്തിനു സ്നാനപ്പെടുത്തുന്നു? എന്ന് ചോദിച്ചു.

1:26    യോഹന്നാൻ അവരോട് ഉത്തരം പറഞ്ഞത്, ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നു, എന്നാൽ നിങ്ങൾ അറിയാതിരിക്കുന്ന ഒരുവൻ നിങ്ങളുടെ ഇടയിൽ നിൽക്കുന്നു,

1:27    എനിക്കു ശേഷം വരുന്നവൻ, അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യനല്ല.

1:28    ഈ കാര്യങ്ങൾ യോഹന്നാൻ സ്നാനപ്പെടുത്തിക്കൊണ്ടിരുന്ന ഇടമായ, യോർദ്ദാനക്കരെയുള്ള ബേഥാന്യയിൽ സംഭവിച്ചു.

1:29    പിറ്റെന്നാൾ യേശു തന്റെ അടുക്കലേക്ക് വരുന്നത് കണ്ടിട്ട് അവൻ പറഞ്ഞു, ഇതാ, ലോകത്തിന്റെ പാപത്തെ നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!

1:30    എനിക്കു ശേഷം ഒരു മനുഷ്യൻ വരുന്നു, അവൻ എനിക്കു മുമ്പേ ആയിരുന്നതിനാൽ അവൻ എന്റെ മുമ്പിലായിത്തീർന്നിരിക്കുന്നു എന്നു ഞാൻ പറഞ്ഞത് ഇവനെക്കുറിച്ചാകുന്നു.

1:31    ഞാനോ അവനെ അറിഞ്ഞില്ല, എന്നാൽ അവൻ യിസ്രായേലിനു വെളിവാകേണ്ടതിനത്രേ, ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തിക്കൊണ്ട് വന്നത്.

1:32    യോഹന്നാൻ സാക്ഷ്യപ്പെടുത്തി പറഞ്ഞത്, ആത്മാവ് പ്രാവെന്നപോലെ ആകാശത്തുനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു, അവൻ അവന്റെ മേൽ വസിച്ചു.

1:33    ഞാനോ അവനെ അറിഞ്ഞില്ല, എന്നാൽ വെള്ളത്തിൽ സ്നാനപ്പെടുത്തുവാൻ എന്നെ അയച്ചവൻ എന്നോട്, ആരുടെമേൽ ആത്മാവ് ഇറങ്ങിവരുന്നതും വസിക്കുന്നതും നീ കാണുന്നുവോ, ഇവനാകുന്നു പരിശുദ്ധാത്മാവിൽ സ്നാനപ്പെടുത്തുന്നവൻ എന്നു പറഞ്ഞു.

1:34    ഇവൻ ദൈവത്തിന്റെ പുത്രനാകുന്നു എന്ന് ഞാൻ കാണുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

1:35    പിറ്റെന്നാൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടൊപ്പം നിൽക്കുകയായിരുന്നു,

1:36    യേശു നടന്നുപോകുന്നത് കണ്ടിട്ട്, ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! എന്ന് അവൻ പറഞ്ഞു.

1:37    അവൻ പറയുന്നത് ആ രണ്ടു ശിഷ്യന്മാർ കേൾക്കുകയും, അവർ യേശുവിനെ പിന്തുടരുകയും ചെയ്തു.

1:38    യേശുവോ, തിരിഞ്ഞ് അവർ പിന്തുടരുന്നത് കണ്ടിട്ട്, അവരോട്, നിങ്ങൾ എന്ത് അന്വേഷിക്കുന്നു? എന്നു ചോദിച്ചു. റബ്ബീ (അതു മൊഴിമാറ്റം ചെയ്താൽ ഗുരോ എന്നർഥമാകുന്നു), നീ എവിടെ താമസിക്കുന്നു? എന്ന് അവർ ചോദിച്ചു.

1:39    അവൻ അവരോട്, വരുവിൻ, നിങ്ങൾ കാണും എന്നു പറഞ്ഞു. അതുകൊണ്ട് അവർ പോയി, അവൻ എവിടെ താമസിക്കുന്നു എന്നു കാണുകയും, അവനോടൊപ്പം ആ ദിവസം താമസിക്കുകയും ചെയ്തു; അത് ഏകദേശം പത്താം മണി നേരമായിരുന്നു.

1:40    യോഹന്നാനിൽനിന്ന് കേട്ടിട്ട്, അവനെ പിന്തുടർന്ന രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.

1:41    അവൻ ആദ്യം തന്റെ സ്വന്തം സഹോദരനായ ശിമോനെ കണ്ടെത്തി അവനോട്, ഞങ്ങൾ മശീഹായെ (അതു മൊഴിമാറ്റം ചെയ്താൽ ക്രിസ്തു എന്നർഥമാകുന്നു) കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.

1:42    അവൻ അവനെ യേശുവിന്റെ അടുക്കലേക്ക് നയിച്ചു. അവനെ നോക്കിയിട്ട് യേശു, നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ (അത് പത്രൊസ് എന്നു വ്യാഖ്യാനിക്കപ്പെടുന്നു) എന്നു വിളിക്കപ്പെടും എന്നു പറഞ്ഞു.

1:43    പിറ്റെന്നാൾ അവൻ ഗലീലയിലേക്ക് പുറപ്പെട്ടുപോകുവാൻ ഇച്ഛിച്ചു, അവൻ ഫിലിപ്പൊസിനെ കണ്ടെത്തി. യേശു അവനോട്, എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.

1:44    ഫിലിപ്പൊസ്, അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ, ബേത്ത്സയിദയിൽ നിന്നുള്ളവനായിരുന്നു.

1:45    ഫിലിപ്പൊസ് നഥനയേലിനെ കണ്ടെത്തി അവനോട്, ന്യായപ്രമാണത്തിൽ മോശെയും, പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ, നസറെത്തിൽ നിന്നുള്ള, യോസേഫിന്റെ പുത്രനായ യേശുവിനെ, ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.

1:46   നഥനയേൽ അവനോട്, നസറെത്തിൽനിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ? എന്നു ചോദിച്ചു. ഫിലിപ്പൊസ് അവനോട്, വന്നു കാണുക, എന്നു പറഞ്ഞു.

1:47    നഥനയേൽ തന്റെ അടുക്കലേക്ക് വരുന്നത് യേശു കണ്ടിട്ട്, ഇതാ, സത്യമായി ഒരു യിസ്രായേല്യൻ, അവനിൽ വ്യാജമില്ല! എന്ന് അവനെക്കുറിച്ച് പറഞ്ഞു.

1:48   നഥനയേൽ അവനോട്, നീ എന്നെ എങ്ങനെ അറിയുന്നു? എന്നു ചോദിച്ചു. യേശു അവനോട്, ഫിലിപ്പൊസ് നിന്നെ വിളിച്ചതിനു മുമ്പേ, നീ അത്തിവൃക്ഷത്തിൻ കീഴിൽ ആയിരുന്നപ്പോൾ, ഞാൻ നിന്നെ കണ്ടു, എന്ന് ഉത്തരം പറഞ്ഞു.

1:49    നഥനയേൽ അവനോട്, റബ്ബീ, നീ ദൈവത്തിന്റെ പുത്രൻ; നീ യിസ്രായേലിന്റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു.

1:50    യേശു അവനോട്, അത്തിവൃക്ഷത്തിൻ കീഴിൽ നിന്നെ ഞാൻ കണ്ടു എന്നു ഞാൻ നിന്നോടു പറഞ്ഞതുകൊണ്ടോ നീ വിശ്വസിക്കുന്നത്? ഇവയെക്കാൾ വലിയ കാര്യങ്ങൾ നീ കാണും എന്ന് ഉത്തരം പറഞ്ഞു.

1:51    അവൻ അവനോട്, സത്യമായി, സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രനുമേൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നു പറഞ്ഞു.

 

പഠന രൂപരേഖ:

തിങ്കൾ:

ആമുഖം:

·         വാ.19-51-ലെ മുഖ്യവിഷയം ദൈവകുഞ്ഞാടായ യേശു, പ്രാവായ പരിശുദ്ധത്മാവോടൊപ്പം, ദൈവാലയത്തിന്റെ കെട്ടുപണിക്കുവേണ്ടി മനുഷ്യപുത്രനോടുകൂടെ വിശ്വാസികളെ കല്ലുകള്‍ ആക്കുന്നു

·         അഞ്ച്‌ പ്രധാന കാര്യങ്ങള്‍ ഉണ്ട്‌: ദൈവത്തിന്റെ കുഞ്ഞാട്‌, പ്രാവ്‌, കല്ലുകള്‍, ദൈവാലയത്തിന്റെ കെട്ടുപണി, മനുഷ്യപുത്രൻ

·         കുഞ്ഞാട്‌ വിണ്ടെടുപ്പിനുവേണ്ടിയാണ്‌; പ്രാവ്‌ ജീവന്‍ പകരുവാനും രൂപാന്തരപ്പെടുത്തുവാനും കെട്ടുപണിയുവാനും വേണ്ടിയാണ്‌; കല്ല്‌ നിര്‍മ്മാണവസ്തുവാണ്‌; ആലയം ആണ്‌ കെട്ടുപണി; ദൈവത്തിന്റെ കെട്ടുപണിയുടെ മുഖ്യവസ്തു മനുഷ്യനാണ്‌.

 

 

III.        ദൈവത്തിന്റെ കുഞ്ഞാടായ യേശു പ്രാവായ ആത്മാവോടൊപ്പം ദൈവത്തിന്റെ കെട്ടുപണിക്കായി കല്ലുകള്‍ ഉളവാക്കുന്നു—യോഹ.1:19-51

A.   മതഭക്തരായ ജനം ഒരു വലിയ നേതാവിനെ കാത്തിരിക്കുന്നു

1.    മതം ക്രിസ്തുവിന്റെ ശ്രതുവാണ്‌. അത്‌ ജീവനായ ക്രിസ്തുവിനെ അസഹ്യപ്പെടുത്തുകയും ഒടുവിൽ കൊല്ലുകയും ചെയ്തു.

2.    ദിവ്യ ആലോചനയ്ക്ക്‌ തികച്ചും എതിരാണ്‌ മതഭക്തരായ ആളുകളുടെ ധാരണ—വാ.19-25

3.    വിസ്മയകരമായ കാര്യങ്ങളും അതിശയകരമായ അത്ഭുതങ്ങളും ചെയ്ത്‌ തങ്ങളെ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്ന അവരെ ഉദ്ബോധിപ്പിക്കുന്ന ഒരു വലിയ മത നേതാവിനെ അവര്‍ കാത്തിരിക്കുന്നു. പക്ഷെ അങ്ങനെ ഒരു നേതാവ്‌ വന്നിട്ടുപോയാലും അവര്‍ മരണാവസ്ഥയിൽതന്നെ തുടരും.

B.   പ്രാവോടുകൂടെ കുഞ്ഞാടായി യേശു പ്രകീര്‍ത്തിക്കപ്പെട്ടു

1.    കുഞ്ഞാട്‌ മനുഷ്യരില്‍നിന്ന്‌ പാപം നീക്കിക്കളയുന്നു

a.     യോഹന്നാന്‍ സ്നാപകന്‍ സിംഹമായ് അല്ല മറിച്ച് ദൈവത്തിന്റെ കുഞ്ഞാടായി യേശുവിനെ വര്‍ണ്ണിച്ചു—വാ. 29, 36

b.    പാപത്തിന്റെ പ്രശ്‌നത്തിന്‌ വീണ്ടെടുപ്പ് അനിവാര്യമായിരിക്കയാൽ, നമ്മുടെ പാപത്തെ നീക്കിക്കളയുവാൻ ഒരു ദൈവശാസ്ത്രപണ്ഡിതനെയോ, ഒരു മതനേതാവിനെയോ അല്ല ആവശ്യം—നമുക്ക് ഒരു കുഞ്ഞാടിനെയാണ് ആവശ്യം

ചൊവ്വ:

2.    പ്രാവ് ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരുന്നു

a.     കുഞ്ഞാട്‌ മനുഷ്യന്റെ പാപത്തെ നീക്കുന്നു; പ്രാവ്‌ ദൈവത്തെ ജീവനായി മനുഷ്യനിലേക്ക്‌ കൊണ്ടുവരുന്നു.

b.    പ്രാവ്‌ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. അത്‌ ജീവന്‍ നല്‍കുന്നതിനും വീണ്ടുംജനിപ്പിക്കുന്നതിനും അഭിഷേചിക്കുന്നതിനും രൂപന്തരപ്പെടുത്തുന്നതിനും ഒരുമിപ്പിക്കുന്നതിനും കെട്ടുപണി ചെയ്യുന്നതിനും വേണ്ടിയാണ്‌. പ്രാവ്‌ ശക്തിക്കു വേണ്ടിയല്ല, ജീവനുവേണ്ടിയാണ്‌

c.     യോഹന്നാൻ യേശുവിനെ വർണ്ണിച്ചത് കഴുകനോടൊപ്പമുള്ള കുഞ്ഞാടായിട്ടല്ല, പ്രാവിനോടൊപ്പമുള്ള കുഞ്ഞാടായിട്ടായിരുന്നു.

d.    വിണ്ടെടുപ്പിനു വേണ്ടി ഒരു കുഞ്ഞാടിനെയും, ജീവന് വേണ്ടി ഒരു പ്രാവിനെയും (പ്രാവിനെക്കാളും ചെറിയ ഗോതമ്പു മണിയെ തന്നെ) ആവശ്യമാണ്‌. അപ്പോള്‍ ദൈവത്തിനൊരു ഭവനം, ഒരു ബേഥേല്‍ ഉണ്ടാകും.   ഇതാണ് ദൈവത്തിന്റെ വ്യവസ്ഥ.

C.   ദൈവത്തിന്റെ കെട്ടുപണിക്കായി കല്ലുകളെ ഉളവാക്കുന്നതിന്‌

1.    യേശുവിന്റെ അനുയായികൾ കല്ലുകളായി രൂപാന്തരപ്പെടുവാൻ

a.     യേശു ശീമോനെ നോക്കിയിട്ട് അവന്റെ പേര കല്ല്‌ എന്നര്‍ത്ഥമുള്ള കേഫാ അഥവാ പത്രൊസ്‌ എന്ന്‌ മാറ്റി—വാ. 42

b.    വീണ്ടെടുപ്പിനോട്‌ വീണ്ടുംജനനവും രൂപാന്തരവും ചേരുമ്പോള്‍ കല്ലുകള്‍ ഉളവാകുന്നു.

c.     ഒന്നാം അദ്ധ്യായത്തില്‍ കുഞ്ഞാട്‌, പ്രാവ്‌, കല്ല്‌ എന്നീ മുന്‍കുറികളുടെ അര്‍ത്ഥം കുഞ്ഞാടും പ്രാവും ചേര്‍ന്ന്‌ കല്ലുകള്‍ ഉളവാക്കുന്നുവെന്നാണ്‌.

ബുധൻ:

2.    ദൈവഭവനത്തിന്റെ കെട്ടുപണിക്കുവേണ്ടി

a.     നഥനയേലിനോടുള്ള കര്‍ത്താവിന്റെ വാക്ക്‌ യാക്കോബിന്റെ സ്വപ്‌നത്തിന്റെ നിറവേറലായിരുന്നു. ക്രിസ്തു, ഭൂമിയെ സ്വർഗ്ഗവുമായ് ബന്ധിപ്പിക്കുന്ന കോവണിയാണ്

b.    ഒന്നാം അധ്യായത്തിൽ ക്രിസ്തുവിനെ ദൈവപുത്രനായും (വാ. 34, 49) മനുഷ്യപുത്രനായും അവതരിപ്പിക്കുന്നു (വാ. 51)

c.     ദൈവത്തെ വെളിപ്പെടുത്തുന്നതിനും, ദൈവത്തെ മനുഷ്യനിലേക്കും മനുഷ്യനെ ദൈവത്തിലേക്കും കൊണ്ടുവരുന്നതിനുംവേണ്ടി ക്രിസ്തു ദൈവത്തിന്റെ ഏകജാതനായ പുത്രനാണ്‌.

d.    എന്നാല്‍ ഭൂമിയില്‍ മനുഷ്യരുടെ ഇടയില്‍ ദൈവത്തിന്റെ വാസസ്ഥലം കെട്ടുപണിയുന്നതിനുവേണ്ടി, അവന്‍ മനുഷ്യപുത്രനാണ്‌. ദൈവത്തിന്റെ ഭവനത്തിന്‌ അവന്റെ മനുഷ്യത്വം ആവശ്യമാണ്‌.

e.     യേശു പ്രാവോടുകൂടിയ കുഞ്ഞാടാണ്. കുഞ്ഞാട്‌ പാപത്തെ നീക്കി, ജീവന്‍ പകരുവാനായി പ്രാവ്‌ വന്നു. ഇതാണ് വീണ്ടെടുപ്പും അഭിഷേകവും.

f.      യോഹന്നാന്‍ 1-ല്‍ മുന്നു വ്യത്യസ്ത ഭാഗങ്ങള്‍ ഉണ്ട്‌. ആദ്യത്തെ 13 വാക്യങ്ങള്‍ ചേര്‍ന്ന ഒന്നാം ഭാഗം, ദൈവമക്കളോടുകൂടെ അവസാനിക്കുന്നു. 14  മുതൽ 18 വരെയുള്ള വാക്യങ്ങള്‍ ചേര്‍ന്ന രണ്ടാം ഭാഗം, ദൈവത്തിന്റെ ഏകജാതനായ പുത്രനോടുകൂടെ അവസാനിക്കുന്നു, അവസാനത്തെ 33 വാക്യങ്ങള്‍ ചേര്‍ന്ന മുന്നാമത്തെ ഭാഗം മനുഷ്യപുതനോടുകൂടി അവസാനിക്കുന്നു.

g.     വാ. 1 വചനത്തോടുകൂടെ ആരംഭിക്കുകയും, വാ. 51 ദൈവഭവനമായ ബേഥേലിനോടുകൂടെ അവസാനിക്കുകയും ചെയ്യുന്നു.

വ്യാഴം:

h.    ഈ രണ്ട് വാക്യങ്ങളുടെ ഇടയിൽ അനേകം കാര്യങ്ങള്‍ നാം കാണുന്നു: ദൈവം, സൃഷ്ടി, ജീവന്‍, വെളിച്ചം, ജഡം, കൂടാരം, കൃപ, യാഥാര്‍ത്ഥ്യം, ദൈവത്തിന്റെ വെളിപ്പെടല്‍, കുഞ്ഞാട്‌, പ്രാവ്‌, കല്ല്, കോവണി, യേശുവിന്റെ മനുഷ്യത്വം എന്നിവയും ഒടുവില്‍ ദൈവത്തിന്റെ ഭവനവും.

i.      നമ്മുടെ സ്വാഭാവിക ജനനത്താല്‍ നാം കല്ലുകളല്ല, കളിമണ്ണാണ്‌. നമ്മെ വീണ്ടുംജനിപ്പിച്ചതിനുശേഷം, ആത്മാവ്‌ നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ട്‌ നമ്മെ കല്ലുകളായി രൂപാന്തരപ്പെടുത്തുന്നു. നാം രൂപാന്തരപ്പെട്ട്‌ ആയിത്തീരുന്ന കല്ലുകള്‍, ദൈവഭവനത്തിന്റെ കെട്ടുപണിക്കുള്ളവയാണ്‌

j.      യോഹന്നാന്‍ 1 അനുസരിച്ച്‌ അഞ്ച്‌ ശിഷ്യന്മാര്‍ മാത്രമേ യേശുവിനെ പിന്തുടര്‍ന്നുള്ളൂ. ആളുകളുടെ എണ്ണത്തെ ദൈവം ഗണ്യമാക്കുന്നില്ല. ദൈവഭവനത്തിന്റെ കെട്ടുപണിക്കായി കല്ലുകളായി രൂപാന്തരപ്പെടുന്ന ജനത്തെയാണ്‌ അവന്‌ ആവശ്യം. ഇതാണ്‌ ദൈവത്തിന്റെ ഇന്നത്തെ ആവശ്യം

 

ചോദ്യങ്ങൾ:

1. യോഹന്നാൻ 1-ലെ പ്രതിരൂപങ്ങൾ, കുഞ്ഞാട്, പ്രാവ്, കല്ല് എന്നിവയുടെ പ്രാധാന്യം എന്താണ്, അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

2. എന്താണ് മതവിശ്വാസികളുടെ ധാരണ, അത് ദിവ്യ ആലോചനയ്ക്ക് എങ്ങനെ വിരുദ്ധമാണ്?

3. ക്രിസ്തുവിനെ പ്രാവോടുകൂടിയ കുഞ്ഞാടായ് പ്രകീർത്തിച്ചതിന്റെ പ്രാധാന്യം വിശദമാക്കുക

4. കർത്താവ് ശിമോനോടും നഥനയേലിനോടും ചിലത് പറയുകയും അന്ത്രയോസിനോടും ഫിലിപ്പോസിനോടും ഒന്നും പറയാതിരിക്കുകയും ചെയ്യുന്നതിൽ ഒരു തത്വം ഉണ്ടെന്ന് നമുക്ക് കാണുവാൻ കഴിയും. എന്താണ് ആ തത്വം?

5. യാക്കോബിന്റെ സ്വപ്‌നം നഥനയേലിനോടുള്ള കർത്താവിന്റെ വചനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുക?

6. യോഹന്നാൻ 1:19-51-ന്റെ ഭാഗത്ത്, നമുക്ക് ഒരു പ്രശ്നവും അതുപോലെ ഒരു കുറവും ഉണ്ടെന്ന് നാം കാണുന്നു. അവ എന്തൊക്കെയാണ്, അത് എങ്ങനെ പരിഹരിക്കപ്പെടുന്നു?

7. ഒന്നാം അധ്യായത്തിൽ ക്രിസ്തുവിനെ ദൈവപുത്രനായും മനുഷ്യപുത്രനായും അവതരിപ്പിച്ചിരിക്കുന്നതിന്റെ പ്രാധാന്യം വിവരിക്കുക.

8. യോഹന്നാന്‍ 1-ല്‍ കൊടുത്തിരിക്കുന്ന മുന്നു വ്യത്യസ്ത ഭാഗങ്ങള്‍ വിവരിക്കുക.

9. വാ. 1 ന്റെയും വാ. 51 ന്റെയും ഇടയിൽ കാണുന്ന ദൈവം, സൃഷ്ടി, ജീവന്‍, വെളിച്ചം, ജഡം, കൂടാരം, കൃപ, യാഥാര്‍ത്ഥ്യം, ദൈവത്തിന്റെ വെളിപ്പെടല്‍, കുഞ്ഞാട്‌, പ്രാവ്‌, കല്ല്, കോവണി, യേശുവിന്റെ മനുഷ്യത്വം, ദൈവത്തിന്റെ ഭവനം എന്നിവയെ കുറിച്ചും അവ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ചുരുക്കത്തിൽ വിവരിക്കുക


വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page